ലളിതം, മനോഹരം; പുത്തൻ ലുക്കിൽ സോഷ്യൽ മീഡിയയുടെ മനം കവർന്ന് മമ്മൂട്ടി
മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രത്തിനും ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഓരോ ലുക്കും മിനിറ്റുകൾക്കുള്ളിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രം. ഇത്തവണ മമ്മൂട്ടിയുടെ ഔദ്യോഗിക പേജുകൾക്ക് പകരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും അണിയറ പ്രവർത്തകരുമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഹാഫ് സ്ലീവ് ട്രെൻഡി ബ്ലാക്ക് ഷർട്ടിൽ അതിസുന്ദരനായി പുഞ്ചിരിച്ചു നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഫൈസൽ ലമിയ പകർത്തിയ ഈ ചിത്രം നിർമ്മാതാവ് ജോർജ്, നസീർ മൊഹമ്മദ് എന്നിവരാണ് പങ്കുവെച്ചത്. 'ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ 'മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം' എന്ന വിശേഷണത്തോടെ ആരാധകർ ഇത് ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം, വമ്പൻ പ്രൊജക്റ്റുകളാണ് ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യാണ് ഈ വർഷം ആദ്യമെത്തുന്ന ചിത്രം. ഇതിൽ കാമിയോ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റിൽ' മോഹൻലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ പ്രകടനം കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.