തനിക്ക് സോഷ്യൽ മീഡിയ പേടിയാണെന്ന് തുറന്നുപറഞ്ഞ് ഗായിക കെ.എസ് ചിത്ര

 

തനിക്ക് സോഷ്യൽ മീഡിയ പേടിയാണെന്ന് തുറന്നുപറഞ്ഞ് ഗായിക കെ.എസ് ചിത്ര. എവിടെ ചെന്നാലും ആരെങ്കിലുമൊക്കെ ഫോണുമായി പിറകെ നടക്കുമെന്നും, ഏത് ഭാഗമാണ് ഇവർ കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്നോർക്കുമ്പോൾ പേടി തോന്നുമെന്നും ചിത്ര തുറന്നുപറഞ്ഞു.ഒരു അവാർഡ് ചടങ്ങിൽ ഫോട്ടോയെടുക്കാനെത്തിയ സ്ത്രീയുടെ കൈ മുടിയിൽ കുടുങ്ങിയപ്പോൾ അത് പറഞ്ഞത്, തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കപ്പെട്ടതോടെ തനിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നുവെന്നും ചിത്ര കൂട്ടിച്ചേർത്തു.

"സോഷ്യൽ മീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോൾ ഭയമാണ്. ദൈവമെ ഇവർ ഏത് ഭാ​ഗവും കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്ന് ഓർത്ത്. ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതിൽ ഒന്ന്. രവീന്ദ്രൻ മാഷിന്റെ പേരിൽ ഒരു അവാർഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയിൽ വെച്ചാണ് നടന്നത്. ഞാൻ ചെന്ന് ഒരു കസേരയിൽ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്.