സച്ചിയുടെ ഓര്‍മയ്ക്ക് ആറ് ആണ്ട്
മലയാള സിനിമയുടെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ സച്ചി ഓര്‍മയായിട്ട് ആറുവർഷം പിന്നിടുന്നു. സച്ചിയുടെ എഴുത്തിന്റെ ശൂന്യത മലയാള സിനിമയുടെ തിരശ്ശീലയില്‍ പ്രകടമായി തെളിഞ്ഞ വര്‍ഷങ്ങള്‍ കൂടിയാണ് ഈ കടന്നു പോയത്. കഥ പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്കറിയില്ലെങ്കിലും അതെഴുതി ഫലിപ്പിക്കാന്‍ എനിക്ക് നന്നായി അറിയാമെന്ന സച്ചിയുടെ ഉറപ്പ് മലയാളിക്ക് അനുഭവിച്ചറിയാന്‍ വിധി കരുതിയത് വെറും 13 വർഷം മാത്രമായിരുന്നു. പക്ഷേ അത്രയും കാലം മതിയായിരുന്നു സച്ചിക്ക് കാലാതീതനാകാന്‍.
എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. പിന്നീട് ചങ്ങാതി സേതുവുമായി കൈകോര്‍ത്ത് ഒരിക്കല്‍ മാറ്റിവച്ച സ്വപ്നമായിരുന്ന സിനിമയിലേക്ക് എത്തി. 2007ൽ പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റിലൂടെ ആയിരുന്നു തുടക്കം. തുടർന്ന് സച്ചി- സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. 'റോബിൻ ഹുഡ്', 'മേക്കപ് മാൻ', 'സീനിയേഴ്‍സ്', തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി.സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്‍തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 2012ൽ 'റണ്‍ ബേബി റണ്‍' എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ 'ചേട്ടായീസി'ൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ 'അനാർക്കലി' എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 'അയ്യപ്പനും കോശി'യും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അകാലവിയോഗം. അപ്രതീക്ഷിത മരണം അറിഞ്ഞവരെല്ലാം ഒരുപോലെ പറഞ്ഞു സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.