സാംസകാരിക വകുപ്പിന് അയച്ച നിവേദനത്തിനെതിരെ ശ്രുതി ശരണ്യം
സാംസ്കാരിക വകുപ്പിനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനുമെതിരെ സംവിധായിക ശ്രുതി ശരണ്യം രംഗത്ത്. ചലച്ചിത്ര നയ രുപീകരണ സമയത്ത് അടൂർ ഗോപാലാകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചുവെന്നും, അടൂരിന്റെ പരാമർശം ഗൗരവതരമായി പരിശോധിക്കേണ്ടത്തിന് പകരം സങ്കുചിത- ജാതി വർഗ്ഗീയ വഴിയിലൂടെ അത് വഴിതിരിച്ചുവിട്ടുവെന്നും ചൂണ്ടിക്കാണിച്ച് മുപ്പതോളം സാംസ്കാരിക- സിനിമ പ്രവർത്തകർ സാംസ്കാരിക വകുപ്പിന് അയച്ച നിവേദനത്തെ വിമർശിച്ചുകൊണ്ടാണ് ശ്രുതി ശരണ്യം രംഗത്തെത്തിയിരിക്കുന്നത്. എഴുത്തുകാരായ പോള്‍ സക്കറിയ, പ്രൊഫ. എം എന്‍ കാരശ്ശേരി, സി വി ബാലകൃഷ്ണന്‍, കെ എന്‍ ഷാജി, സംവിധായകരായ ഡോണ്‍ പാലത്തറ, വേണു നായര്‍, മധു ഇറവങ്കര, ജോഷി ജോസഫ് തുടങ്ങി 30 പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
നിവേദനത്തിൽ പറഞ്ഞിട്ടുള്ള താൻ ഉൾപ്പെടെയുള്ള ഫിലംമേക്കേഴ്സ് ആകെ ഒരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളുവെന്നും സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധമാണ് അതെന്നും ശ്രുതി ശരണ്യം പറയുന്നു. മേലിൽ തങ്ങൾക്കെതിരെ ഇത്തരം നിരുത്തരവാദപരമായ എന്തെങ്കിലുമൊരു പരാതിയോ എഴുത്തുകുത്തോ ആരെങ്കിലുമിറക്കിയാൽ താൻ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുന്നതാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രുതി പറയുന്നു.