മലയാള സിനിമയിൽ നിന്ന് കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്, സിനിമ വിടേണ്ടിവന്നു; നടി സുപർണ ആനന്ദ്

 

മലയാള സിനിമയിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ് പറയുന്നു, ഇത്തരത്തിലുള്ള കയ്പേറിയ അനുഭവങ്ങൾ മൂലമാണ് താൻ സിനിമ ഉപേക്ഷിച്ചതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പല തരത്തിലുള്ള സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനൊന്നും നിന്നുകൊടുക്കാൻ സാധിക്കാത്തതിനാൽ സിനിമ വിടേണ്ടിവന്നെന്നും നടി പറയുന്നു. 

സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതിയായ നടൻ മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നും നടി അഭിപ്രായപ്പെട്ടു. കേസെടുത്തിട്ടും മുകേഷ് എം എൽ എ സ്ഥാനത്ത് തുടരുന്നത് പരിഹാസ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. വിഷയത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മൗനം അമ്പരപ്പിക്കുകയാണ്. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മോഹൻലാലും മമ്മൂട്ടിയും കാണിക്കണമെന്നും നടി പറഞ്ഞു. പരാജയമായതുകൊണ്ടാണ് താര സംഘടന അമ്മയിലെ ഭരണസമിതിക്ക് രാജിവയ്‌ക്കേണ്ടിവന്നതെന്നും സുപർണ അഭിപ്രായപ്പെട്ടു.

സിനിമ മേഖലയിൽ പണ്ടുമുതലേ കാസ്റ്റിംഗ് കൗച്ച് പോലുള്ള സംഭവങ്ങൾ ഉണ്ടായിരുന്നു. തങ്ങളെ ഉപദ്രവിച്ചവരുടെ പേര് പുറത്തുവരാൻ ധൈര്യം കാണിച്ചവരെ അഭിനന്ദിക്കുകയാണെന്നും നടി വ്യക്തമാക്കി. ഞാൻ ഗന്ധർവൻ, വൈശാലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സുപർണ ആനന്ദ്.