ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം ;  വൻ ജനാവലി,  ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാക ഉയർത്തി വിജയ് 

 

 


തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. 

വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയര്‍ത്തി.

ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.