'ഓരോ ഫ്രെയിമിലും ആത്മാവ് കണ്ടെത്തിയ സംവിധായകന്‍'; ഭാരതിരാജയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ
തമിഴ് ചലച്ചിത്ര രംഗത്തെ ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ അതുല്യ പ്രതിഭയായിരുന്നു ഭാരതിരാജയെന്ന് മോഹന്‍ലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ അനുസ്മരിച്ചു.
"മണ്ണില്‍ കവിതയും നിശബ്ദതയില്‍ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ സംവിധായകന്‍. 'തുടരും' എന്ന സിനിമയില്‍ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ സാധിച്ചത് വിലമതിക്കാന്‍ കഴിയാത്ത ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. സാര്‍, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകള്‍ക്ക് പ്രചോദനം നല്‍കും, നിങ്ങളുടെ അസാന്നിധ്യം സിനിമാ ലോകത്തിന് തന്നെ വലിയ നഷ്ടമാണ്"- മോഹന്‍ലാല്‍ കുറിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലും ഭാരതിരാജയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, തന്നെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നത് ഭാരതിരാജയുടെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും എന്നാൽ ആ സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങിയതെന്നും നടി ഖുശ്ബു ദുഃഖത്തോടെ ഓർമ്മിച്ചു.
തമിഴ് സിനിമയിലെ ഗ്രാമീണ ദൃശ്യാവിഷ്കാരങ്ങൾക്ക് പുനർനിർവ്വചനം നൽകുകയും ഒട്ടനവധി പ്രതിഭകളെ സിനിമാ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഭാരതിരാജ. 1977-ൽ രജനികാന്ത്, കമൽഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാളായ ഭാരതിരാജയുടെ വേർപാട് സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്.