തമാശക്കളി മാറും; ഹൊറർ കോമഡിയുമായി ഗണപതിയും സാഗർ സൂര്യയും, പ്രകമ്പനം ടീസർ പുറത്തിറങ്ങി
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ഹൊറർ കോമഡി ചിത്രം 'പ്രകമ്പന’ത്തിന്റെ ടീസർ പുറത്തിറങ്ങി. നവരസ ഫിലിംസും പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേതസാന്നിധ്യം ഒരു കൂട്ടം മനുഷ്യർക്കിടയിൽ ഉണ്ടാക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഈ വർഷം തുടക്കത്തിൽ തന്നെ തീയേറ്ററുകളിലെത്തും.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങൾ. 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'പണി' എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും ഹാസ്യവേഷങ്ങളിലൂടെ പ്രിയങ്കരനായ ഗണപതിയും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ശീതൾ ജോസഫ് നായികയാകുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആൽബി ആന്റണി ഛായഗ്രഹണവും ബിബിൻ അശോക് സംഗീതവും നിർവ്വഹിക്കുന്നു. ശങ്കർ ശർമ്മയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.