സര്‍വ്വം മായ ടീമിന് മലര്‍വാടി ടീം നന്ദി പറയുന്നു; വികാരഭരിതനായി അജു

 

നിവിൻ പോളി - അഖിൽ സത്യൻ ചിത്രം 'സർവ്വം മായ'യുടെ വലിയ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അജു വർഗീസ്. തനിക്കും നിവിൻ പോളിക്കും ഈ ചിത്രം ഒരു മികച്ച തിരിച്ചുവരവാണെന്നും അതിന് അഖിൽ സത്യനോട് നന്ദി പറയുന്നതായും ദുബായിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെ അജു പറഞ്ഞു. നിവിൻ പോളി തിരിച്ചുവന്നതിനൊപ്പം ആരുമറിയാതെ താനും തിരിച്ചുവന്നുവെന്ന സോഷ്യൽ മീഡിയ കമന്റുകൾ തന്നെ സ്പർശിച്ചുവെന്നും താരം വ്യക്തമാക്കി.

''ഒരു ഉണര്‍വ്വാണ് വിജയം. പരാജയം ഒരുപാട് വന്നു കഴിഞ്ഞാല്‍ പിന്നെ നമുക്ക് മരവിപ്പും നിര്‍വികാരതയുമാണ് റിസള്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍. അത് എനിക്ക് പണ്ടേ വന്നതാണ്. നിവിന് ഈ വിജയം ലഭിച്ചതില്‍ ഞങ്ങള്‍ വളരെ ഇമോഷണലാണ്. സര്‍വ്വം മായയുടെ ടീമിന് മലര്‍വാടിയുടെ ടീം നന്ദി പറയുന്നു. വിനീതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ കാണാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഈ വിജയത്തില്‍ ഒരുപാട് സന്തോഷമെന്ന് മെസേജ് അയച്ചിരുന്നു. അത് വളരെ ഇമോഷണലായി നിവിന്‍ ഇന്നലെ രാത്രി വിളിച്ച് പറഞ്ഞു'' താരം പറയുന്നു.

''ഞാന്‍ ഉറക്കത്തിലായിരുന്നപ്പോള്‍ നിവിന്റെ കോള്‍ വന്നു. ഞാന്‍ പേടിച്ചു പോയി. വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. കോളെടുത്ത ശേഷം ഒരുപാട് നേരം സംസാരിച്ചു. സിനിമയില്‍ ഞാന്‍ കെട്ടിപിടിച്ച് ഉമ്മ വെക്കുന്നൊരു ചിത്രമുണ്ട്. വളരെ ഇഷ്ടത്തോടെ ചെയ്തതാണ്. ഈ ചിത്രം വളരെ ഇമോഷണലാക്കിയെന്ന് പറഞ്ഞു. 600 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ വര്‍ക്കാകുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് വളരെ ഇമോഷണലാണ് സര്‍വ്വം മായ''.

''ഈ സിനിമ ഞങ്ങള്‍ക്ക് അമൂല്യമാണ്. അത് കാണാന്‍ വന്ന നിങ്ങളും ഞങ്ങള്‍ക്ക് അമൂല്യമാണ്. നന്ദി മാത്രം'' എന്നും അജു വര്‍ഗീസ് പറയുന്നു.