മണി ഹീസ്റ്റ് അവസാനിച്ചിട്ടില്ല; ആവേശമായി നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപനം

 

ലോകമെമ്പാടുമുള്ള വെബ് സീരീസ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിക്കൊണ്ട് 'മണി ഹീസ്റ്റ്' (Money Heist) വീണ്ടും വരുന്നു. ഒറിജിനൽ സീരീസ് അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ്, മണി ഹീസ്റ്റ് പ്രപഞ്ചത്തിൽ നിന്നുള്ള പുതിയ കഥകൾ ഇനിയും തുടരുമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പെയിനിലെ സെവിയ്യയിൽ നടന്ന വിപുലമായ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു ഈ വമ്പൻ പ്രഖ്യാപനം.

ഡാലി മാസ്‌കും ചുവന്ന ജമ്പ് സ്യൂട്ടും ധരിച്ച ഒരു സംഘം 'ബെല്ല ചാവോ' ഗാനത്തിന്റെ അകമ്പടിയോടെ നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചാണ് ആരാധകരെ ഞെട്ടിച്ചത്. ഇതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ടീസറിൽ "വിപ്ലവം ഒരിക്കലും അവസാനിക്കുന്നില്ല" എന്ന് വ്യക്തമാക്കുന്നുണ്ട്. മണി ഹീസ്റ്റിന്റെ ആറാം സീസൺ ആണോ അതോ മറ്റ് പ്രധാന കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള പുതിയ സ്പിൻ-ഓഫ് പരമ്പരകളാണോ വരുന്നത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. എങ്കിലും 'മണി ഹീസ്റ്റ് ലോകം തുടരും' എന്ന സന്ദേശം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

അതേസമയം, മണി ഹീസ്റ്റിന്റെ സ്പിൻ-ഓഫ് സീരീസായ 'ബെർലിന്റെ' (Berlin) രണ്ടാം സീസൺ മെയ് 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. പെഡ്രോ അലോൺസോ അവതരിപ്പിക്കുന്ന 'ആന്ദ്രേസ് ഫോനോല്ലോസ' എന്ന ബെർലിൻ കഥാപാത്രം സീരീസിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ്. 2017-ൽ അലക്‌സ് പിന ക്രിയേറ്ററായി തുടങ്ങിയ ഈ സ്പാനിഷ് ക്രൈം ഡ്രാമ ഒടിടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. പുതിയ അധ്യായങ്ങൾക്കായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിപ്പിലാണ്.