അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു

 

 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. എറണാകുളം പത്മ തിയറ്ററില്‍ നടന്ന പരിപാടിയില്‍ വച്ചാണ് ടൈറ്റില്‍ അനൌണ്‍സ്മെന്‍റ് ടീസറിനൊപ്പം ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. വിജയം എന്നാണ് ചിത്രത്തിന്‍റെ പേര്. നിവിന്‍ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ഇത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സും ടോണ്‍സണ്‍ ടോണി, സുനില്‍ രാമടി എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മോട്ടോക്രോസ് പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു റൈഡറുടെ റോളിലാണ് നിവിന്‍ എത്തുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. നാല് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട് അനൌണ്‍സ്മെന്‍റ് ടീസറിന്. ഇതില്‍ നിവിന്‍ പോളിക്കൊപ്പം അല്‍ഫോന്‍സ് പുത്രനുമുണ്ട്.

രചനയ്ക്കും സംവിധാനത്തിനുമൊപ്പം ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് അല്‍ഫോന്‍സ് പുത്രനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊജക്റ്റ് ഡിസൈന്‍ കുട്ടു ശിവാനന്ദന്‍, ഛായാഗ്രഹണം ഷിനോസ്, സംഗീതം സ്റ്റീവ് കൊട്ടൂര്‍, സൌണ്ട് ഡിസൈന്‍, മിക്സ് വിഷ്ണു ഗോവിന്ദ്, കലാസംവിധാനം രാഖില്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് സുമേഷ് ഉണ്ണി, സുധി സുരേന്ദ്രന്‍, വരികള്‍ ശബരീഷ് വര്‍മ്മ, ഇംഗ്ലീഷ് റാപ്പ് വരികള്‍, ആലാപനം സെബ ടോമി, ആക്ഷന്‍ കൊറിയോഗ്രഫി ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, കോ ഡയറക്ടര്‍ സന്ദീപ് കുമാര്‍ പി, ലൈന്‍ പ്രൊഡ്യൂസേഴ്സ് സജിത്ത് എം സരസ്വതി, അമ്മു മരിയ അലക്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് റിയാസ്.

ട്രെന്‍ഡ് സെറ്റര്‍ വിജയമായിരുന്ന പ്രേമം പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നത്. 2022 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഗോള്‍‌ഡ് എന്ന ചിത്രവും അല്‍ഫോന്‍സ് ഒരുക്കിയെങ്കിലും അത് വിജയമായില്ല. അതിനിടെ നടന്‍ എന്ന നിലയില്‍ ചില ശ്രദ്ധേയ ചിത്രങ്ങളിലും അല്‍ഫോന്‍സ് എത്തിയിരുന്നു. ഇതില്‍ സര്‍വ്വം മായയിലെയും വാഴയിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍ പോളി നായകനായ വിജയചിത്രം സര്‍വ്വം മായയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനും ഉണ്ടായിരുന്നു. തിയറ്ററില്‍ വലിയ കൈയടി നേടിയ രംഗം കൂടിയായിരുന്നു ഇത്. പ്രേമം ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് വിജയത്തിന്‍റെ ഹൈപ്പ്.