സിനിമ ഒരു കുത്തഴിഞ്ഞ മേഖലയാണ്; മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്: കൃഷ്ണകുമാര്‍

 

ബിഗ്‌സ്‌ക്രീനിനെ അപേക്ഷിച്ച് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തിലും സജീവമാണ് താരം. അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം.

സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പത്തിയഞ്ചോളം വര്‍ഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചില്‍ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കള്‍ക്ക് സിനിമ കുറവ്. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്.

പവര്‍ ഗ്രൂപ്പെന്നത് ഇപ്പോള്‍ പറയുന്ന വാക്കാണ്. പണ്ട് മുതല്‍ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികള്‍ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു. ഞാന്‍ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാന്‍ സിനിമയില്‍ ഒരു സക്‌സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു. എന്നാല്‍ പരാതി പറയാന്‍ പോലും ഒരു സ്ഥലമില്ല.

കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് പെണ്‍കുട്ടികള്‍ എന്തെങ്കിലും പുറത്തുവന്നു പറയാന്‍ തുടങ്ങുന്നത്. അമ്മയില്‍ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുന്‍കൈയെടുത്ത് സര്‍ക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം- കൃഷ്ണകുമാര്‍ പറഞ്ഞു.