സമ്മർ ഇൻ ബെത്‌ലഹേമിലെ ആ 'രഹസ്യം' പുറത്ത്; മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ റിലീസ് ചെയ്തു
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ 'സമ്മർ ഇൻ ബെത്‌ലഹേം' വീണ്ടും ചർച്ചയാകുന്നു. ചിത്രത്തിന്റെ റീ-റിലീസിന് പിന്നാലെ, മെഗാസ്റ്റാർ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ സിനിമയിൽ ഉൾപ്പെടുത്താത്ത സുപ്രധാന രംഗം നിർമ്മാതാവ് സിയാദ് കോക്കർ പുറത്തുവിട്ടു. കോക്കേഴ്സ് എന്റർടെയിൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്ത് മിനിറ്റോളം ദൈർഘ്യമുള്ള ഈ രംഗം പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷങ്ങൾ ഒടുവിൽ പരസ്യമായിരിക്കുകയാണ്.
ജയിലിൽ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നീസും മടങ്ങിയെത്തുന്നതും, തുടർന്ന് ആമിയെ ഡെന്നീസിനൊപ്പം ജീവിക്കാൻ എല്ലാവരും പ്രേരിപ്പിക്കുന്നതുമാണ് ഈ രംഗത്തിലുള്ളത്. ഇതിനിടയിലാണ് ഫ്ലാഷ്ബാക്ക് പോലെ നിരഞ്ജനും ആമിയും തമ്മിലുള്ള സംഭാഷണം വരുന്നത്. "എന്റെ പേരും ആമി മറക്കണം, ഇനി ഡെന്നീസ് മാത്രം" എന്ന് മോഹൻലാലിന്റെ കഥാപാത്രം പറയുന്ന വൈകാരികമായ രംഗം സിനിമയുടെ ക്ലൈമാക്സിനെ കൂടുതൽ ദൃഢമാക്കുന്നതായിരുന്നു. എന്നാൽ ആദ്യ ഷോകളിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നെങ്കിലും, നിരഞ്ജൻ മരിച്ചു എന്നറിഞ്ഞതോടെ കാണികൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്ന് ഈ ഭാഗം ഒഴിവാക്കിയതെന്ന് സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു.
സിനിമയുടെ റീ-മാസ്റ്റർ ചെയ്ത പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതികമായ തടസ്സങ്ങൾ കാരണം അത് സാധ്യമായിരുന്നില്ല. ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ഒരുക്കിയ ഗാനങ്ങളും സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരുടെ പ്രകടനവും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സിനിമയുടെ ഈ അപൂർവ്വ രംഗം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.