സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്ലർ നാളെ പുറത്തിറങ്ങും
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ നാളെ (വ്യാഴാഴ്ച) വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. സെപ്റ്റംബർ 18-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡോ. പോൾസ് എന്റർടെയൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നടി നിലീൻ സാന്ദ്ര കഥയും തിരക്കഥയും രചിച്ച ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. കോമയിൽനിന്ന് ഉണരുമ്പോൾ അസാധാരണമായ കേൾവിശക്തി (Super Hearing) ലഭിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേഹം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'പ്രാക്ക്' എന്ന ഗാനത്തിനും ആദ്യ ടീസറിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഖിൽ സേവ്യർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദാണ് സംഗീത സംവിധാനം. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് ഡിസൈനിനും പ്രാധാന്യമുള്ള ചിത്രം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ദി പ്ലോട്ട് പിക്‌ചേഴ്‌സുമാണ് തിയേറ്ററുകളിലെത്തിക്കുന്നത്.