'ടോക്സിക്' ട്രെയ്‌ലർ പുറത്തിറങ്ങി; ഗെറ്റപ്പുകളിൽ ഞെട്ടിച്ച് യഷ്
ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ന്റെ ട്രെയ്‌ലർ ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പുറത്തിറങ്ങി. വമ്പൻ താരനിരയും ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ, ചിത്രം സമ്മാനിക്കാൻ പോകുന്ന വേറിട്ട കാഴ്ചാനുഭവത്തിന്റെ സൂചന നൽകുന്നു.
ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും. കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഏറ്റവും വിപുലമായ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണവും കർണാടകയിലെ വിതരണവും നിർവഹിക്കുന്നത്.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.