തിരുവല്ലക്കാരി ഡയാന കുര്യന്‍ എന്ന നയന്‍താര; ആസ്തി എത്രയെന്ന് അറിയാം
ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയന്‍താരയാക്കി മാറ്റിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി ലേഡി സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നുവന്ന നടിയാണ് താരം. മലയാളത്തിലൂടെ വന്ന് അന്യഭാഷകളിലെ താരറാണിയായ നയന്‍സിന്റെ ജീവിതം ഗോസിപ്പുകളും നിറഞ്ഞതാണ്. മുപ്പത്തിയൊമ്പതുകാരിയായ നയന്‍സാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ വിഘ്‌നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോള്‍ താരത്തിന്റെ ലോകം.
20 വര്‍ഷം കൊണ്ട് കോടികളുടെ സ്വത്തുകളാണ് നയന്‍താര അഭിനയത്തിലൂടെയും പരസ്യത്തിലൂടെയും വിവിധ ബിസിനസിലൂടെയുമായി സമ്പാദിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍താരയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളില്‍ ഒന്ന് 100 കോടി രൂപ വിലയുള്ള ആഡംബര വീടാണ്. ഇത് നടിയുടെ നാല് ആഡംബര വീടുകളില്‍ ഒന്ന് മാത്രമാണ്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ വ്യാപിച്ചുകിടക്കുന്നതാണ് നയന്‍താരയുടെ സ്വത്തുക്കള്‍. നിലവില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മുംബൈയിലെ ഒരു ഫോര്‍ ബിഎച്ച്‌കെ ഫ്‌ളാറ്റിലാണ് താരം താമസിക്കുന്നത്. ഈ വിശാലമായ ഫ്‌ളാറ്റില്‍ ഒരു സ്വകാര്യ സിനിമാ ഹാള്‍, നീന്തല്‍ക്കുളം, മള്‍ട്ടിഫംഗ്ഷണല്‍ ജിം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരിക്കിയിരിക്കുന്നു.
മുംബൈയിലെ വസതിക്ക് പുറമെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ നയന്‍താരയ്ക്ക് ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. അടുത്തിടെ താരത്തിന് ഭര്‍ത്താവ് മൂന്ന് കോടി രൂപ വിലമതിക്കുന്ന പുതിയ കാര്‍ സമ്മാനിച്ചിരുന്നു. 2.96 കോടി രൂപ വിലയുള്ള മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവിയാണ് നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി വിക്കി സമ്മാനിച്ച ജിഎല്‍എസ് 600.
1.76 കോടി രൂപ വിലയുള്ള ഒരു വാഹനമാണ് നയന്‍താരയുടെ ലക്ഷ്വറി വാഹന ശേഖരത്തിലെ മറ്റൊരു ഹൈലൈറ്റ്. മൂഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ലൈറ്റിംങ് ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. നടിയുടെ ഗാരേജിലെ മറ്റൊരു പ്രത്യേകത ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കാറാണ്. വിലകൂടിയ ലെതര്‍ ഇന്റീരിയറുകളും അത്യാധുനിക സവിശേഷതകളുമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. നൂതന വോയ്‌സ് സെന്‍സര്‍ സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടൊരു ലക്ഷ്വറി വാഹനവും നയന്‍താരയുടെ ഗാരേജിലുണ്ട്. നിരത്തിലോടുന്ന ലക്ഷ്വറി വാഹനങ്ങള്‍ മാത്രമല്ല സ്വകാര്യ യാത്രകള്‍ക്കായി ഒരു െ്രെപവെറ്റ് ജെറ്റും താരത്തിനുണ്ട്. ഏകദേശം 50 കോടി രൂപയാണു വില.
സിനിമാ നിര്‍മാണത്തിന് അപ്പുറത്തേക്ക് നീളുന്നതാണ് നയന്‍താരയുടെ ബിസിനസുകളും സാമ്പത്തിക നിക്ഷേപങ്ങളും. റെനിത രാജനോടൊപ്പം ചേര്‍ന്ന് ലിപ്ബാമുകള്‍ക്ക് മാത്രമായി ദി ലിപ് ബാം കമ്പനി എന്ന സംരംഭം നയന്‍സിനുണ്ട്. 100ലേറെ വെറൈറ്റി ലിപ്ബാമുകള്‍ വികസിപ്പിച്ചെടുത്ത ദി ലിപ് ബാം കമ്പനി ലോകത്തിലെ തന്നെ ഇത്തരത്തിലെ വലുതെന്നാണ് ഉടമകള്‍ അവകാശപ്പെടുന്നത്. ഡെയ്‌സി മോര്‍ഗന്‍ എന്ന സംരംഭകയോടൊപ്പം ചേര്‍ന്ന് സ്‌കിന്‍കെയര്‍ ബ്രാന്‍ഡും അടുത്തിടെ നയന്‍താര ആരംഭിച്ചു. ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന നയന്‍ എന്ന പേര് കൂട്ടിച്ചേര്‍ത്ത് 9സ്‌കിന്‍ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്‌കിന്‍ കെയര്‍ പ്രൊഡക്ട്‌സ് ബ്രാന്‍ഡ് ആരംഭിച്ചത്.
ഡോ. ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരില്‍ ഒരു സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡും താരം ആരംഭിച്ചിട്ടുണ്ട്. ലിപ് ബാം കമ്പനിയില്‍ പത്തു കോടി രൂപയാണ് താരം നിക്ഷേപിച്ചിട്ടുള്ളത്. അങ്ങനെ ആയിരക്കണക്കിനു കോടികളുടെ ആസ്തിയാണ് താരത്തിനുള്ളത്.