ഓണം റിലീസായി 'ടോക്സിക്' ആഗസ്റ്റ് 28-ന് തിയേറ്ററുകളിൽ
റോക്കി ഭായ് യഷിനെ നായകനാക്കി മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ (Toxic: A Fairy Tale for Grown-ups) റിലീസ് തീയതി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഓണം റിലീസായി ചിത്രം ആഗസ്റ്റ് 28 മുതൽ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മുൻപ് ജൂൺ നാലിന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നിർമ്മാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും പുതുക്കിയ റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമയിൽ 'രായ' എന്ന ശക്തമായ കേന്ദ്ര കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. ഭയാനകവും അക്രമാസക്തവുമായ ദൃശ്യാനുഭവങ്ങൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും നേരത്തെ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യഷും ഗീതു മോഹൻദാസും ചേർന്ന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാക്കളായ രാജീവ് രവി ക്യാമറയും, കെ.ജി.എഫ് പ്രശസ്തൻ രവി ബസ്രുർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഉജ്വൽ കുൽക്കർണിയാണ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ. ജെ. പെറി, അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് ചിത്രത്തിലെ വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട്ട് കെ. നാരായണനും യഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് പതിപ്പുകൾക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മൊഴിമാറ്റി തീയറ്ററുകളിലെത്തും.