'ടോക്സിക്കിന്റെ പരാജയം ഹൃദയഭേദകമായിരുന്നു; യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗം സിദ്ധാർത്ഥിനെ ബാധിച്ചതേയില്ല': മനസ്സ് തുറന്ന് കിയാര അദ്വാനി
വൻ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തി പരാജയപ്പെട്ട യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കിനെ' കുറിച്ചും, ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി കിയാര അദ്വാനി. കരൺ ജോഹർ അവതാരകനായ 'കോഫി വിത്ത് കരൺ' എന്ന ഷോയിൽ ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയവും വിമർശനങ്ങളും തുടക്കത്തിൽ തന്നെ വല്ലാതെ തളർത്തിയെന്ന് കിയാര വെളിപ്പെടുത്തി. "ആദ്യത്തെ ദിവസം ശരിക്കും ഹൃദയഭേദകമായിരുന്നു. ഒരു ടീം എന്ന നിലയിൽ അങ്ങനെയൊരു തിരിച്ചടി ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച ഓപ്പണിങ് ലഭിച്ചിട്ടും ചിത്രം വീണുപോയത്, പ്രത്യേകിച്ചും ആദ്യത്തെ ആഴ്ച എന്നെ ആകെ തകർത്തുകളഞ്ഞു. എന്നാൽ പിന്നീട്, ഞാൻ എന്റെ കംഫർട്ട് സോണിൽ നിന്നും പുറത്തുവന്ന് ചെയ്ത അഭിനയത്തെ ആളുകൾ അഭിനന്ദിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി. 'ടോക്സിക്കിലെ' നാദിയ എന്ന കഥാപാത്രം എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടായിരിക്കും," കിയാര പറഞ്ഞു.
ചിത്രത്തിലെ വയലൻസിനൊപ്പം ഇന്റിമേറ്റ് രംഗങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെടുകയും നടിമാർക്കെതിരെ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം രംഗങ്ങളിൽ നടിമാരെ മാത്രം ചോദ്യം ചെയ്യുന്നതിലെ ഇരട്ടത്താപ്പിനെക്കുറിച്ച് കരൺ ജോഹർ ചോദിച്ചപ്പോഴാണ് സിദ്ധാർത്ഥിന്റെ പിന്തുണയെക്കുറിച്ച് കിയാര വാചാലയായത്. "സിദ്ധാർത്ഥിന്റെ പോസിറ്റീവ് എനർജിയാണ് ഞാൻ ഉൾക്കൊള്ളുന്നത്. കാരണം അവൻ അതൊന്നും കാര്യമാക്കിയതേയില്ല. ഞങ്ങൾ ഒരിക്കൽ പോലും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. അവനെ അതൊന്നും ബാധിച്ചിട്ടേയില്ല, ഗൗനിച്ചതു പോലുമില്ല," കിയാര വ്യക്തമാക്കി.
ഇത്തരം വിമർശനങ്ങൾ സിനിമാ ലോകത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്നും ഐശ്വര്യ റായ് അടക്കമുള്ള പ്രഗത്ഭരായ നടിമാർക്ക് പോലും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കിയാര ചൂണ്ടിക്കാട്ടി. സൈബർ ആക്രമണങ്ങൾ നടക്കുമ്പോൾ തന്നെ അതിലെ ഇരട്ടത്താപ്പിനെതിരെ പൊതുജനങ്ങൾ തന്നെ ശബ്ദമുയർത്തി തുടങ്ങിയതിനാൽ തനിക്ക് പ്രത്യേകിച്ച് വിശദീകരണം നൽകേണ്ട ആവശ്യം വന്നില്ലെന്നും കിയാര കൂട്ടിച്ചേർത്തു.