യുവത്വത്തിന്റെ ആവേശവുമായി ‘വാഴ II’ നാളെ തീയേറ്ററുകളിലേക്ക്; ‘ബില്യൺ ബ്രോസി’ന്റെ വരവ് കാത്ത് ആരാധകർ

 

സോഷ്യൽ മീഡിയയിലെ യുവതാരങ്ങളെ അണിനിരത്തി ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത 'വാഴ'യുടെ രണ്ടാം ഭാഗം ‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുന്നു. നവാഗതനായ സവിൻ സ. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ വിപിൻ ദാസാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം ആദ്യഭാഗത്തെപ്പോലെ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ഹാഷിർ, അമീൻ തുടങ്ങിയ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ് തുടങ്ങി അഞ്ചോളം പ്രമുഖ ബാനറുകൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണൻ മോഹനാണ്.

കണ്ണൻ മോഹൻ, ബാബു പിള്ള, സുധി സുരേന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഐക്കൺ സിനിമാസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിന് കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. പ്രമോഷൻ പരിപാടികളിലൂടെ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ തരംഗമാണ് 'വാഴ II' സൃഷ്ടിച്ചിരിക്കുന്നത്.