പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

 

ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ മുതിർന്ന നടി സൗക്കാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റും നടനുമായ നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. വൈകുന്നേരം തേനാംപേട്ടിലെ സെന്റാഫ് റോഡിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതമായിരുന്നു സൗകാർ ജാനകിയുടേത്. 1950-ൽ എൽ.വി പ്രസാദ് സംവിധാനം ചെയ്ത 'സൗകാർ' എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തോടെയാണ് 'സൗകാർ ജാനകി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മലയാളത്തിൽ മമ്മൂട്ടി നായകനായ 'സൂര്യമാനസം' ചിത്രത്തിലെ 'പുട്ടുറുമീസിന്റെ അമ്മ' എന്ന കഥാപാത്രവും 'പപ്പു' എന്ന സിനിമയിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആന്ധ്രാപ്രദേശിൽ ജനിച്ച ശങ്കരമഞ്ചി ജാനകി ആകാശവാണിയിൽ ആർ.ജെയായി പ്രവർത്തനം ആരംഭിച്ചശേഷമാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2023-ൽ പുറത്തിറങ്ങിയ 'അന്നി മഞ്ചി ശകുനമുലേ' എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.