തൃഷയ്ക്കൊപ്പം വിവാഹവിരുന്നിനെത്തി വിജയ്; ഒരേ കാറിൽ വന്നിറങ്ങി, മടക്കവും ഒന്നിച്ച്

 
തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ ഒന്നിച്ചെത്തി നടൻ വിജയ്‌യും തൃഷയും. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽ നടന്ന ചടങ്ങിലേക്ക് ഒരേ കാറിലാണ് ഇരുവരും എത്തിയത്. നവദമ്പതികൾക്ക് ആശംസകൾ നേർന്ന്, ഫോട്ടോകൾക്ക് പോസ് ചെയ്ത ശേഷം ഇരുവരും ഒരുമിച്ചുതന്നെയാണ് മടങ്ങുകയും ചെയ്തത്. 

വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ഭാര്യ സംഗീത ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഒരു പ്രമുഖ നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ഹർജിയിൽ ആരോപിച്ചിരുന്നത്.

2004-ൽ 'ഗില്ലി' എന്ന ചിത്രത്തിലൂടെയാണ് വിജയ്-തൃഷ കൂട്ടുകെട്ട് ആരാധകർക്ക് പ്രിയപ്പെട്ടതായത്. പിന്നീട് 'തിരുപ്പാച്ചി', 'ആദി', 'കുരുവി', 'ലിയോ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒന്നിച്ചു. വിജയ് നായകനായ 'ബിഗിൽ', 'ഗോട്ട്' എന്നീ ചിത്രങ്ങൾ നിർമ്മിച്ച എജിഎസ് എന്റർടൈൻമെന്റിന്റെ പങ്കാളിയാണ് കലൈപതി എസ്. സുരേഷ്. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ പ്രധാന ആകർഷണം വിജയ്‌യുടെയും തൃഷയുടെയും സാന്നിധ്യമായിരുന്നു.