മോട്ടോർ റേസിങ് വേദിയിൽ അജിത്തിനെ കെട്ടിപ്പിടിച്ച് വിജയ്; വീഡിയോ വൈറൽ
ബ്രിട്ടനിൽ നടക്കുന്ന മാൻസ് കപ്പ് അന്താരാഷ്ട്ര കാർ റേസിങ് വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടൻ അജിത്തും തമ്മിൽ കണ്ടുമുട്ടിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മത്സരവേദിയിൽ വെച്ച് അജിത്തിനെ കണ്ടയുടൻ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടി തൃഷയും വിജയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നു.
ബ്രിട്ടനിലെ സിൽവർ സ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ 'അജിത് റെഡ് ആൻഡ് ബൈ വിരാജ്' ടീമിനായി എൽ.എം.പി 3 പ്രോ-ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. സ്ക്രീനിലെ മത്സരങ്ങൾക്കപ്പുറം വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇവരുടെ ലണ്ടൻ കൂടിക്കാഴ്ച ആരാധകർ ആഘോഷമാക്കുകയാണ്.
അടുത്ത സുഹൃത്തിന്റെ മത്സരം കാണുന്നതിനൊപ്പം, തമിഴ്‌നാട് സർക്കാർ നിർമിക്കാനൊരുങ്ങുന്ന മോട്ടോർ സ്‌പോർട്‌സ് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യം കൂടിയാണ് വിജയ്‌യുടെ സന്ദർശനത്തിന് പിന്നിലുള്ളത്.