വിജയ് സേതുപതിയുടെ 'ബത്ത' ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഒക്ടോബർ 29 മുതൽ
വിജയ് സേതുപതി നായകനായെത്തിയ 'ബത്ത' ഒടിടിയിലേക്ക്. ഒക്ടോബർ 29 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഒടിടി റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.
ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രം പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആറ്റ്ലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒക്ടോബർ ഒന്നിനായിരുന്നു ചിത്രത്തിന്റെ ആഗോള തിയറ്റർ റിലീസ്.
'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്കുശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മലയാളി താരം ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിന്റേജ് ലുക്കിൽ ബീഡി വലിച്ചുനിൽക്കുന്ന താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം അവതരിപ്പിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനവും അടുത്തിടെ പുറത്തുവന്നിരുന്നു. കെ.കെ. നഗർ ഗാന ജീവയാണ് ഗാനത്തിന് വരികൾ എഴുതിയത്.