'അവർ തമ്മിൽ ഇത്രയും ആത്മബന്ധമെന്ന് അറിഞ്ഞില്ല'; ​അമ്മ മരിച്ചതോടെ അച്ഛൻ മദ്യപാനിയായി: വിജയരാഘവൻ

 
അന്തരിച്ച പിതാവ് എൻഎൻ പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ വിജയരാഘവൻ.  നാടക രം​ഗത്തെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായ എൻഎൻ പിള്ള അവിസ്മരണീയമാക്കിയ കഥാപാത്രമാണ് ​ഗോഡ്ഫാദറിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം. 

ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോ​ഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി. അമ്മയെ അച്ഛൻ പ്രണയിച്ചാണ് കല്യാണം കഴിച്ചതെന്ന് ഞങ്ങൾക്കറിയാം.

പക്ഷെ ഇത്രയും വലിയ ആത്മബന്ധം ഇവർ തമ്മിലുണ്ടെന്ന് അറിയില്ലായിരുന്നു. അച്ഛന് ഷോക്കായി. അച്ഛൻ അമ്മയുടെ കൂടെയാണ് കി‌ടക്കുന്നത്. മൂത്രമൊക്കെ പോകും. പക്ഷെ അച്ഛൻ എന്നും അമ്മയുടെ കൂടെ കിടക്കും. അമ്മയ്ക്ക് അച്ഛനെ പോലും അറിയാതെയായി. അച്ഛൻ അടുത്ത് നിന്ന് മാറിയില്ല. ‌‌അമ്മ മരിച്ച ശേഷം അച്ഛൻ മാനസികമായി തകരുകയും മദ്യപാനിയുമായെന്ന് വിജയരാഘവൻ പറയുന്നു. അതിനിടെയാണ് ​ഗോഡ്ഫാദറിന്റെ കഥ പറയുന്നത്.

അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഇനി ഇവിടെ നിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഏറെ നിർബന്ധിച്ചാണ് കഥ കേൾപ്പിച്ചത്. കഥ കേട്ട് എഴുന്നേറ്റ് ഇരുന്നു. മുഴുവൻ കഥ കേട്ട് നിങ്ങൾ എന്നെ ഇതിലേക്ക് വിളിക്കാൻ കാര്യം എന്താണെന്ന് ചോദിച്ചു. സാറിന്റെ ഇമേജ് ഞങ്ങൾ ഉപയോ​ഗിക്കുകയാണെന്ന് വിചാരിച്ചാൽ മതിയെന്ന് സിദ്ധിഖ്. അപ്പോൾ ഒറ്റ ചിരി ചിരിച്ചു. അന്ന് മദ്യപാനം നിർത്തി. പിന്നെ കുടിച്ചിട്ടില്ല. ആ സിനിമ വലിയ ഭാ​ഗ്യമായെന്നും വിജയരാഘവൻ പറഞ്ഞു.

ഫൈബ്രോസിസ് എന്ന അസുഖമായിരുന്നു അച്ഛന്. വളരെ പതുക്കെയായിരുന്നു അസുഖം. ഷൂട്ടിം​ഗിന്റെ സമയത്ത് ചില പ്രശ്നങ്ങളുണ്ട്. കുറച്ച് കഴിഞ്ഞാൽ ശ്വാസം മുട്ടും. ഇന്നസെന്റ് ചേട്ടനെ അ‌ടിക്കുന്ന സീനുണ്ട്. അദ്ദേഹത്തിന്റെ പുറത്ത് എന്തോ വെച്ച് കെട്ടിയിട്ടുണ്ട്. ഡമ്മി വടിയാണെങ്കിലും അഥവാ കൊണ്ടാലോ എന്ന് കരുതി. കൂനിക്കൂടി ഇരിക്കുമെങ്കിലും അച്ഛൻ ഷോട്ട് തുടങ്ങിയാൽ ആളങ്ങ് മാറും. കട്ട് പറയുന്നത് വരെ അച്ഛൻ അടിച്ചു.

കട്ട് പറഞ്ഞപ്പോൾ അച്ഛന് ക്ഷീണമായി. എല്ലാവരും അച്ഛനെ കൊണ്ട് വന്ന് കസേരയിലുരുത്തി. അത് ശരി അടിച്ചവനെ പിടിക്കാൻ എല്ലാവരും ഉണ്ട്. അടി കൊണ്ടവനെ പിടിക്കാൻ ആരും ഇല്ലെന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞെന്നും വിജയരാഘവൻ ഓർത്തു. സിനിമ അച്ഛൻ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. ഹിറ്റായപ്പോൾ വലിയ സന്തോഷമായി. പണ്ടൊക്കെ അച്ഛൻ റോഡിൽ കൂടെ പോകുമ്പോൾ ഡാ, എൻഎൻ പിള്ള സാർ എന്ന് പറയും. സിനിമയിറങ്ങിയ ശേഷം അഞ്ഞൂറാൻ പോകുന്നെന്ന് പറയും. അച്ഛനത് ആസ്വദിച്ചിരുന്നെന്നും വിജയരാഘവൻ ഓർത്തു.