വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ': ആദ്യദിന ആഗോള കളക്ഷൻ 80 കോടി കടന്നു
വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' ആദ്യദിനം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 80.28 കോടി രൂപ കളക്ഷൻ നേടി. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നിൽകിന്റെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ 50.28 കോടി രൂപ ഇന്ത്യയിലെ ഗ്രോസ് കളക്ഷനും 30 കോടി രൂപ ഓവർസീസ് കളക്ഷനുമാണ്.
കേരളത്തിൽ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം 5.8 കോടി രൂപയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. റിലീസിന് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് 7.90 കോടി രൂപയും കർണാടകയിൽ നിന്ന് 6.03 കോടി രൂപയും കേരളത്തിൽ നിന്ന് 1.91 കോടി രൂപയും അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയിരുന്നു.
റിലീസിന് പിന്നാലെ ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പുകൾ പുറത്തുവന്നത് തുടക്കത്തിൽ തിരിച്ചടിയായെങ്കിലും വിജയ്‌യുടെ അവസാന സിനിമ എന്ന നിലയിൽ ആദ്യ വാരാന്ത്യത്തിലെ ബുക്കിംഗുകളിൽ ചിത്രം മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. സെൻസർ തടസ്സങ്ങൾ കാരണം വൈകിയ ചിത്രം ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് തിയേറ്ററുകളിലെത്തിയത്.