എമ്മി അവാർഡിൽ ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റിസ്
Sep 15, 2026, 14:01 IST
എമ്മി അവാർഡിൽ ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റിസ്. മികച്ച നടനുള്ള രണ്ട് പുരസ്‌കാരങ്ങൾ നേടിയാണ് മാത്യു ചരിത്രത്തിന്റെ ഭാഗമായത്. സൂപ്പർനാച്വറൽ ടി.വി. കോമഡി വിഡോസ് ബേ, സൈക്കോളജിക്കൽ ത്രില്ലർ ദ ബീസ്റ്റ് ഇൻ മി എന്നിവയിലെ അഭിനയത്തിനാണ് മാത്യുവിന് പുരസ്‌കാരം.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച അദ്ദേഹം, തന്റെ നേട്ടം സ്വന്തം നാടായ വെയിൽസിലെ ജനങ്ങൾക്ക് സമർപ്പിച്ചു. 'ചെറിയൊരു രാജ്യമാണെങ്കിലും നമ്മൾ കരുത്തരാണ്, ഇത് അവിശ്വസനീയമായി തോന്നുന്നു,' എന്ന് പറഞ്ഞ അദ്ദേഹം വെൽഷ് ഭാഷയിൽ നന്ദിയും അറിയിച്ചു.
തിങ്കളാഴ്ച ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ 19 പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നേരത്തെ, നടന്ന ക്രിയേറ്റീവ് ആർട്‌സ് എമ്മി ചടങ്ങിൽ നിരവധി അവാർഡുകൾ വിതരണം ചെയ്തിരുന്നു. തുടർന്ന് പ്രധാന ചടങ്ങിലേക്ക് ഏറ്റവും ശ്രദ്ധേയമായ വിഭാഗങ്ങൾ മാത്രമാണ് മാറ്റിവെച്ചിരുന്നത്.