അന്ന് നയൻതാരയ്ക്കായി സത്യൻ സാർ ചെയ്തത് അഖിൽ ചേട്ടൻ എനിക്കായും ചെയ്തു; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

 

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന നിവിൻ പോളി ചിത്രം 'സർവ്വം മായ'യിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാകുകയാണ് നടി റിയ ഷിബു. സിനിമയിലെ ഡെലൂല എന്ന കഥാപാത്രമായി മികച്ച കയ്യടി നേടുന്ന റിയ, തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചു. ഷൂട്ട് തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ സംവിധായകൻ അഖിൽ സത്യൻ തന്നെ സെറ്റിലേക്ക് വിളിപ്പിച്ചതിനെക്കുറിച്ചാണ് താരം മനസ് തുറന്നത്.

താൻ ക്യാമറയ്ക്കും ആളുകൾക്കും മുന്നിൽ കംഫർട്ടബിൾ ആകാനാണ് അഖിൽ സത്യൻ ഇത്തരമൊരു രീതി സ്വീകരിച്ചതെന്ന് റിയ പറയുന്നു. "പണ്ട് സത്യൻ അന്തിക്കാട് സാർ 'മനസിനക്കര'യിൽ നയൻതാരയെ അഭിനയിപ്പിക്കുമ്പോഴും ഇതേ രീതിയാണ് പിന്തുടർന്നതെന്ന് അഖിൽ ചേട്ടൻ പറഞ്ഞു. നയൻതാരയുടെ ഡോക്യുമെന്ററിയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ആ ഒരു കരുതൽ എനിക്കും വലിയ ആത്മവിശ്വാസം നൽകി," റിയ വ്യക്തമാക്കി.

പൂജ നടക്കുമ്പോൾ ഡെലൂല സൈഡിലിരുന്ന് നോക്കുന്നതായിരുന്നു റിയയുടെ ആദ്യ ഷോട്ട്. അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ വലിയ തിരിച്ചുവരവായാണ് സിനിമ ആഘോഷിക്കപ്പെടുന്നത്. അജു വർഗീസ്, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.