'അത് നീയാണല്ലേ..; തിയേറ്റർ സന്ദർശനത്തിനിടെ വില്ലൻ നടന് പ്രേക്ഷകയുടെ വക അടി

 

സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ കണ്ടാൽ ചിലപ്പോൾ ഇയാൾക്ക് നേരിട്ട് രണ്ടടി കൊടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടൻ എൻ.ടി രാമസ്വാമിക്ക്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിയേറ്റർ സന്ദർശനത്തിനെത്തിയപ്പോഴാണ് രാമസ്വാമിക്ക് പരസ്യമായി അടി കിട്ടിയത്.

കഴിഞ്ഞദിവസമാണ് ലവ് റെഡ്ഡി എന്ന ചിത്രം തെലുങ്കിൽ റിലീസായത്. അഞ്ജൻ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരൻ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ കൊടുംവില്ലനായാണ് രാമസ്വാമി എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ തിയേറ്റർ സന്ദർശനം നടക്കുകയായിരുന്നു. തിയേറ്ററിനകത്ത് കാണികളെ താരങ്ങൾ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിവന്ന് രാമസ്വാമിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

ഇവരെ പെട്ടന്നുതന്നെ അവിടെ കൂടിയിരുന്നവർ ചേർന്ന് പിടിച്ചുമാറ്റി. ഇതിനിടെ ഇവരുടെ ഒപ്പമുണ്ടായിരുന്നവരെന്ന് തോന്നിക്കുന്ന ഏതാനും സ്ത്രീകളും ഇവരെ അനുനയിപ്പിക്കാൻ വരുന്നുണ്ട്. എന്നാൽ ഇവരെ തള്ളിമാറ്റി നടനെ അടിക്കാൻ വീണ്ടും ശ്രമിക്കുകയാണവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സിനിമാക്കാരുടെ പ്രചാരണത്തിന്റെ തന്നെ ഭാഗമായുള്ള തിരക്കഥയാണ് ഈ സംഭവമെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം.