ലോകനിലവാരത്തിലുള്ള പ്രകടനം, എക്കോ ഒരു മാസ്റ്റർപീസ്; പ്രശംസിച്ച് ധനുഷ്

 
പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ദിൻജിത്ത് അയ്യത്താൻ ചിത്രം 'എക്കോ'യെ പുകഴ്ത്തി തമിഴ് സൂപ്പർതാരം ധനുഷ്. "എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബയാന മോമിൻ അഭിനയത്തിനുള്ള എല്ലാ അംഗീകാരങ്ങളും അർഹിക്കുന്നു. ലോകനിലവാരത്തിലുള്ള പ്രകടനമാണ് ചിത്രത്തിലേത്," ധനുഷ് എക്സിൽ കുറിച്ചു. 

വൻ വിജയമായ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്.

ബാഹുൽ രമേശിന്റെ 'അനിമൽ ട്രിലോജി'യിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ് എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണെങ്കിലും, മനുഷ്യരിലെ മൃഗീയ സ്വഭാവങ്ങളെയും മൃഗങ്ങളുടെ സ്വാധീനത്തെയും അടിസ്ഥാനമാക്കിയാണ് ഈ ട്രിലോജി ഒരുക്കിയിരിക്കുന്നത്.