റാസൽഖൈമയിൽ വാഹനാപകടം: 2 മലയാളികൾ ഉൾപ്പെടെ 13 മരണം
നിർത്തിയിട്ട ട്രക്കിനു പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശി സംറിത് നിവാസിൽ സങ്കീർത്ത സുരേഷ് (26), കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണു മരിച്ചത്. മഹിമ സോണി (ഗുജറാത്ത്), വിനോദ്കുമാർ (തമിഴ്നാട്) എന്നിവരും മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചു.വിമുക്ത ഭടൻ കെ.വി.മോഹനന്റെയും റിട്ട അധ്യാപിക പി.കെ. സുമംഗലയുടെയും മകനാണ് മരിച്ച ഹേമന്ത്. മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു സൂചന. പുലർച്ചെ ഒരു മണിയോടെ അൽ മനായിലാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ ട്രാവൽ ഏജൻസി വഴി വീസ മാറ്റുന്നതിന് ഒമാനിൽ പോയി മടങ്ങിയവരാണു ബസിലുണ്ടായിരുന്നത്. ഇതേസമയം മരിച്ചവരുടെ ഔദ്യോഗിക പട്ടിക പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ചവരെയും പരുക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്കു മാറ്റി. ഏതാനും പേരുടെ നില അതീവ ഗുരുതരമാണ്. റാസൽഖൈമ പൊലീസിന്റെ തിരച്ചിൽ-രക്ഷാ വിഭാഗവും അൽ മുനൈ പൊലീസ് സ്റ്റേഷനിലെ സംഘവും ഹത്ത പൊലീസും ദുബായ് ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ് ലൈൻ: അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾക്കും സഹായത്തിനും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹെൽപ്ലൈൻ നമ്പറായ 800 46342ൽ ബന്ധപ്പെടാം.