യു.എ.ഇയിലേക്ക് ഇന്ന് 20 മിസൈലുകൾ
മേഖലയിൽ സംഘർഷം രൂപപ്പെട്ട് ഒരു മാസം പിന്നിട്ട ശനിയാഴ്ച യു.എ.ഇയിലേക്ക് ഇറാനിൽ നിന്ന് അയച്ചത് 20 മിസൈലുകളും 37 ഡ്രോണുകളും. രാജ്യത്തിന്‍റെ വ്യോമപ്രതിരോധ സംവിധാനം എല്ലാ ആക്രമണങ്ങളെയും വിജകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അബൂദബിയിൽ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ ബാലിസ്റ്റിക് മിസൈലുകളുടെ ചീളുകൾ പതിച്ച് മൂന്ന് സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീഫ എക്കണോമിക് സോൺസ് അബൂദബി(കെസാഡ്)ക്ക് സമീപത്താണ് തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംഭവത്തിൽ ആകെ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഇന്ത്യൻ പൗരന്മാർക്കും ഒരു പാകിസ്താനി പൗരനുമാണ് പരിക്കേറ്റതെന്ന് അബൂദബി മീഡിയ ഓഫീസ് അധികൃതർ അറിയിച്ചു. മൂന്ന് തീപിടിത്തങ്ങളും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീയണച്ച സ്ഥലത്ത് തണുപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർവ്യക്തമാക്കി. രാജ്യത്തിനു നേരെ ഇറാന്‍റെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതിനകം 398 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1872 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞിട്ടുണ്ട്. മൂന്ന് സൈനിക ഉദ്യോഗസ്ഥരടക്കം 11പേർ മരിക്കുകയും വിവിധ രാജ്യക്കാരായ 178പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. അതോടൊപ്പം മിസൈൽ അവശിഷ്ടങ്ങൾ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും, ഇത്തരം വസ്തുക്കൾ കണ്ടാൽ അടിയന്തര സേവന വിഭാഗങ്ങളെ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു.