കായിക മേഖലയില്‍ യുഎഇ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025
Dec 29, 2025, 16:30 IST
തദ്ദേശ, മേഖലാ, അന്തര്‍ദേശീയ മത്സരങ്ങളിലുടനീളം ഏറ്റവുമധികം മെഡലുകളുമായി റെക്കോഡ് നേട്ടങ്ങളുടെ പരമ്പര സൃഷ്ടിച്ചാണ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് 2025നോട് വിട പറയാനൊരുങ്ങുന്നത്. ഒമാനിലെ മസ്‌കത്തില്‍ നടന്ന 2025ലെ ജി.സി.സി ബീച്ച് ഗെയിംസ്, മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസ്, ഇസ്‌ലാമിക് മള്‍ട്ടി സോളിഡാരിറ്റി ഗെയിംസ് (റിയാദ് 2025) എന്നിവയിലെ റെക്കോഡ് നേട്ടങ്ങള്‍ ഉള്‍പ്പെടെ, നിരവധി കായിക മത്സരങ്ങളില്‍ രാജ്യത്തിന്റെ ഏറ്റവും വിജയകരമായ ചരിത്ര പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നു പോകുന്നത്.
പ്രധാന നേട്ടങ്ങള്‍ ഇവയാണ്:
- പ്രൊഫഷനല്‍ ഫുട്‌ബോളിന്റെ ഫൈനലില്‍ സിംഗപ്പൂരിലെ ലയണ്‍ സിറ്റി സെയ്‌ലേഴ്‌സിനെ 2- 1ന് പരാജയപ്പെടുത്തി ഷാര്‍ജ എഫ്.സി അവരുടെ ആദ്യ എ.എഫ്.സി ചാംപ്യന്‍സ് ലീഗ് നേടി.
- ആഗോള സൈക്ലിംഗ് സര്‍ക്യൂട്ടില്‍ യു.എ.ഇ ടീം 'എമിറേറ്റ്‌സ് എക്‌സ്.ആര്‍.ജി' തങ്ങളുടെ ആധിപത്യം തുടര്‍ന്നു. റുവാണ്ടയിലെ കിഗാലിയില്‍ നടന്ന യു.സി.ഐ വേള്‍ഡ് ചാമ്പ്യന്‍ഷിപ് റോഡ് റേസില്‍ തദേജ് പോഗാകര്‍ രണ്ടാം തവണയും വിജയിക്കുകയും തന്റെ നാലാമത്തെ 'ടൂര്‍ ഡി ഫ്രാന്‍സ്' കിരീടം സ്വന്തമാക്കുകയും ചെയ്തു. 'ടൂര്‍ ഡി പോളോണി'ലും ടീം മികച്ച ബഹുമതികള്‍ നേടി.
- തായ്‌ലന്‍ഡില്‍ നടന്ന 2025ലെ ജിയുജിറ്റ്‌സു വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 50 മെഡലുകള്‍ നേടിയ ചരിത്രപരമായ പ്രകടനത്തിലൂടെ യു.എ.ഇ ഈ രംഗത്ത് ആഗോള ആധിപത്യം നിലനിര്‍ത്തി. അബൂദബി ഗ്രാന്‍ഡ്സ്ലാം ജിയുജിറ്റ്‌സു വേള്‍ഡ് ടൂറില്‍ 66 മെഡലുകള്‍ നേടിയതിനൊപ്പം, 2025ലെ വേള്‍ഡ് ഗെയിംസ് ചെങ്ഡുവിലും, അബൂദബി വേള്‍ഡ് പ്രൊഫഷണല്‍ ജിയുജിറ്റ്‌സു ചാംപ്യന്‍ഷിപ്പിലും ദേശീയ ടീം പോഡിയം ഫിനിഷുകളും നേടി.
- ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസിലും വിവിധ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലും ദേശീയ കരാട്ടെ ടീമുകള്‍ വിജയങ്ങള്‍ നേടി മെഡലുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
- ന്യൂ ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ടി71 ഫ്രെയിം റണ്ണിങ്ങില്‍ തിക്ര അല്‍ കഅബിയുടെ സ്വര്‍ണം ശ്രദ്ധേയ നേട്ടമായി. യു.എ.ഇയുടെ മറ്റു പാരാ അത്‌ലറ്റുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അല്‍ ഐനില്‍ നടന്ന വേള്‍ഡ് ഷൂട്ടിങ് പാരാ സ്‌പോര്‍ട് വേള്‍ഡ് കപ്പിലും യു.എ.ഇ പ്രതിനിധി സംഘം ഒമ്പത് മെഡലുകള്‍ കരസ്ഥമാക്കി.
- സെര്‍ബിയയില്‍ നടന്ന വേള്‍ഡ് അമച്വര്‍ വ്യക്തിഗത ചെസ് ചാംപ്യന്‍ഷിപ്പില്‍ മൗസ നാസര്‍ അല്‍ ഷംസി വനിതകളുടെ 1700 റേറ്റിങ് വിഭാഗത്തില്‍ ചെസ്സിനുള്ള ആഗോള കിരീടങ്ങളില്‍ രാജ്യത്തിന്റെ കായിക വൈവിധ്യം പ്രതിഫലിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മോഡേണ്‍ പെന്റാത് ലണില്‍ യു.എ.ഇ എട്ട് മെഡലുകള്‍ സ്വന്തമാക്കി.
- ഏഷ്യന്‍, യൂറോപ്യന്‍ സര്‍ക്യൂട്ടുകളിലെ വാട്ടര്‍ സ്‌പോര്‍ട്‌സിലേക്കും വിജയം വ്യാപിച്ചു. ബാഡ്മിന്റണ്‍ പ്രോഗ്രാം പ്രഥമ കോണ്‍ടിനെന്റല്‍ മെഡല്‍ നേടി. പരമ്പരാഗത കായിക വിനോദങ്ങള്‍ ഈ വര്‍ഷത്തെ വിജയത്തിന്റെ ആധാര ശിലയായി തുടര്‍ന്നു.
- യു.എ.ഇ എന്‍ഡ്യൂറന്‍സ് ഇക്വസ്ട്രിയന്‍ മത്സരത്തില്‍ വേള്‍ഡ്, ഏഷ്യന്‍ കിരീടങ്ങള്‍ അണിഞ്ഞ യു.എ.ഇ, ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ക്യാമല്‍ റേസിങ്ങിന്റെ അരങ്ങേറ്റത്തില്‍ ചരിത്രപരമായ മെഡലുകളും ഏറ്റുവാങ്ങി.