ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെ യുഎഇ ഉൾപ്പടെ 21 രാജ്യങ്ങൾ അപലപിച്ചു
ഗൾഫിലെ വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇറാന്റെ സമീപകാല ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെയും യുഎഇ ഉൾപ്പടെ 21 രാജ്യങ്ങൾ അപലപിച്ചു.
യുഎഇ, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഡെൻമാർക്ക്, ലാത്വിയ, സ്ലൊവേനിയ, എസ്റ്റോണിയ, നോർവേ, സ്വീഡൻ, ഫിൻലാൻഡ്, ചെക്കിയ, റൊമാനിയ, ബഹ്‌റൈൻ, ലിത്വാനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ ഈ രാജ്യങ്ങൾ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരെ ബാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
കടലിടുക്ക് തടയാനുള്ള എല്ലാ ശ്രമങ്ങളും ഇറാൻ ഉടനടി അവസാനിപ്പിക്കാനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817 പാലിക്കാനും ഇവർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഷിപ്പിംഗിലെ അത്തരം ഇടപെടലുകളും ആഗോള ഊർജ്ജ വിതരണ ശൃംഖലകളുടെ തടസ്സവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു. എണ്ണ, വാതക സ്ഥാപനങ്ങൾ ഉൾപ്പടെ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അടിയന്തര മൊറട്ടോറിയം ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയിലുണ്ട്.
കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ഉചിതമായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള സന്നദ്ധത നേതാക്കൾ പ്രകടിപ്പിക്കുകയും അതിനായുള്ള ആസൂത്രണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് എണ്ണ ഉല്പാദന രാജ്യങ്ങളുമായി പ്രവർത്തിക്കുന്നത് ഉൾപ്പെടെ ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്താനുള്ള നടപടികളെയും സ്വാഗതം ചെയ്തിട്ടുണ്ട്.