40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ; പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളുമായി
40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ; 2026 പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളുമായി. ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് അരങ്ങേറുക. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്ന ആഘോഷം ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ 23,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.
∙ വെടിക്കെട്ട്-പ്രധാന കേന്ദ്രങ്ങൾ
ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബായെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇത്തവണ ആകാശം വർണാഭമാകും.
: ബുർജ് അൽ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്.
മറ്റ് സ്ഥലങ്ങൾ: ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ തുടങ്ങിയയിടങ്ങളിലും വർണക്കാഴ്ചകളുണ്ടാകും.
∙ സുരക്ഷയ്ക്കായി 23,000 പേരടങ്ങുന്ന കാവൽപ്പട
ചരിത്രത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദുബായ് നഗരം ഇനി സുരക്ഷയുടെ കരുത്തുറ്റ വലയത്തിൽ. ആഘോഷങ്ങൾക്കിടെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ 23,386 പേരടങ്ങുന്ന വൻ സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ 9,884 പൊലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടുന്നു.