രണ്ടു വർഷത്തിനുള്ളിൽ സർക്കാർ സേവനങ്ങൾ 50% എഐ ; പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്
രണ്ടു വർഷത്തിനുള്ളിൽ യുഎഇയിലെ സർക്കാർ സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും 50% ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനത്തിലേക്ക് മാറ്റും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. അബുദാബി ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം.മനുഷ്യന്റെ ഇടപെടലില്ലാതെ സ്വയം കാര്യങ്ങൾ വിശകലനം ചെയ്യാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിയുന്ന നവീന എഐ മാതൃക ലോകത്ത് ആദ്യമായി നടപ്പിലാക്കുന്ന രാജ്യമായി യുഎഇ മാറും. എഐ മാറ്റങ്ങളുമായി എത്രവേഗം പൊരുത്തപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും ഇനി മന്ത്രിമാരുടെയും ഡയറക്ടർ ജനറൽമാരുടെയും പ്രകടനം വിലയിരുത്തുക. എല്ലാ ഫെഡറൽ സർക്കാർ ജീവനക്കാർക്കും എഐ സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലനം നൽകും.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പദ്ധതിക്ക് മേൽനോട്ടം വഹിക്കും. മുഹമ്മദ് അൽ ഗർഗാവി അധ്യക്ഷനായ പ്രത്യേക കർമസമിതിക്കായിരിക്കും നടപ്പാക്കൽ ചുമതല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് മാറ്റത്തിന്റെ ലക്ഷ്യമെന്നു ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. നൂതന സംവിധാനം ഏർപ്പെടുത്തുന്നതോടെ ജനങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും സേവനം നൽകാനാകുമെന്നും കൂട്ടിച്ചേർത്തു.