അബുദാബി ഭരണാരോഹണത്തിന് 60 ആണ്ട്; ആഘോഷിച്ച് രാജ്യം

 

 

യുഎഇയുടെ രാഷ്ട്രനിർമാണ ചരിത്രത്തിൽ നിർണായക വഴിത്തിരിവായ ഓഗസ്റ്റ് 6ന് അബുദാബിയുടെ ഭരണാധികാരിയായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാനമേറ്റതിന്റെ 60-ാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിന്റെ ദീർഘവീക്ഷണവും നേതൃത്വപാടവവും യുഎഇ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

1966 ഓഗസ്റ്റ് 6ന് ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണച്ചുമതലയേറ്റത് രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള കൂട്ടായ യാത്രയുടെ തുടക്കമായിരുന്നു. പിന്നീട് 1971 ഡിസംബർ 2ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യുഎഇ യൂണിയൻ രൂപംകൊണ്ടത്. ജനങ്ങളെ എപ്പോഴും വികസനത്തിന്റെ കേന്ദ്രബിന്ദുവായി കാണണമെന്ന ഷെയ്ഖ് സായിദിന്റെ വിശ്വാസമാണ് രാജ്യത്തിന്റെ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതം തന്നെ പഠിപ്പിച്ച കാര്യം ഷെയ്ഖ് സായിദ് കേവലമൊരു ഭരണാധികാരിയോ രാഷ്ട്രതന്ത്രജ്ഞനോ ആയിരുന്നില്ല, മറിച്ച് മഹത്തായ ഒരു ആശയമായിരുന്നു എന്നാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യങ്ങൾ പടുത്തുയർത്തുന്ന മഹാനായ നേതാക്കളും ജനങ്ങളെ രൂപപ്പെടുത്തുന്ന മഹത്തായ ചിന്തകരും പരിഷ്കർത്താക്കളും ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഷെയ്ഖ് സായിദ് ഈ രണ്ട് ദൗത്യങ്ങളും ഒരുപോലെ നിർവഹിച്ച വ്യക്തിയാണ്.