യുഎഇയിലെ 94 % പ്രവാസികൾ ഭാവിയിലും ഇവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പുതിയ സർവേ റിപ്പോർട്ട്
യുഎഇയിലെ പ്രവാസികളിൽ ഭാവിയിലും ഇവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നത് 94 ശതമാനം പേർക്കെന്നു റിപ്പോർട്ട്.ആർസെറ്റ് ഗ്ലോബലും ക്വസ്റ്റ്യൻ പ്രോയും സംയുക്തമായി നടത്തിയ യുഎഇ എക്സ്പാറ്റ്സ് മോണിറ്റർ സർവേയാണ് പ്രവാസികളുടെ മുൻഗണനകളിൽ വന്ന മാറ്റം ലോകത്തെ അറിയിക്കുന്നത്. സർവേയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ നികുതി രഹിത വരുമാനം എന്ന ആകർഷണം പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ്. തൊഴിലവസരങ്ങളും ജീവിതനിലവാരവുമാണ് ഇപ്പോൾ പ്രവാസികൾ ഒന്നാമതായി കാണുന്നത്. 88 ശതമാനം പേർ മികച്ച ജീവിതസാഹചര്യത്തിന് ഒന്നാം സ്ഥാനം കൽപിക്കുമ്പോൾ സുരക്ഷയും കുറ്റകൃത്യങ്ങളുമില്ലാത്ത അന്തരീക്ഷമാണ് 87 ശതമാനം പേരെയും ഇവിടേക്ക് ആകർഷിക്കുന്നത്.മാതൃരാജ്യത്തെ ഭരണകൂടങ്ങളെക്കാൾ യുഎഇയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുന്നവരാണു പ്രവാസികളിൽ ഭൂരിഭാഗവും. ഏഴ് വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവരിൽ 75 ശതമാനത്തോളം പേരും ഈ വിശ്വാസം പ്രകടിപ്പിക്കുന്നു. ഭാവിയെക്കുറിച്ച് പ്രവാസികൾക്കുള്ള ആത്മവിശ്വാസം റിപ്പോർട്ടിൽ വ്യക്തമാണ്. അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ നവീനമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുമെന്ന് 87 ശതമാനം പേരും വിശ്വസിക്കുന്നു. ആദ്യകാലങ്ങളിൽ നികുതിയില്ലാത്ത ശമ്പളമായിരുന്നു യുഎഇയുടെ പ്രധാന ആകർഷണം. എന്നാൽ ഇപ്പോൾ ജീവിതസാഹചര്യങ്ങളും സുരക്ഷയും സേവനങ്ങളുമാണ് പ്രവാസി കുടുംബങ്ങളെ രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു