ലോകകപ്പ്; സൗദി അതിർത്തിയിൽ ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു

 

ലോകകപ്പ് പ്രേമികളെ ഖത്തറിലേക്ക് എത്തിക്കുന്നതിന് സൗദി അതിർത്തിയിൽ ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു. സൗദിയിലെ ഫുട്ബാൾ പ്രേമികളെ കൊണ്ടുപോകുന്നതിന് അതിർത്തി കവാടമായ സൽവയിൽനിന്ന് ഖത്തർ അതിർത്തി കവാടമായ അബു സംറ വരെയാണ് ബസ് സർവിസ്. ഇതിനായി 49 യാത്രക്കാരെ ഉൾക്കൊള്ളുന്ന 55 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. 

ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് ഖത്തറിലേക്ക് പോകുന്നവർക്ക് ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് പൊതുഗതാഗത അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. സൽവ കവാടത്തിലെ ഷട്ടിൽ ബസുകൾ ഉപയോഗിക്കുന്നതിന് ഈ സേവനങ്ങൾക്കായി ഒരുക്കിയ വെബ്സൈറ്റ് വഴി മുൻകൂർ ബുക്കിങ് ആവശ്യമാണ്. പ്രത്യേക കാർ പാർക്കിങ് സൗകര്യവും സ്ഥലത്ത് ലഭ്യമാണ്.