അൽ വാസൽ സീസണിന് വർണാഭമായ സമാപനം
എക്സ്പോ സിറ്റി ദുബായിൽ അരങ്ങേറിയ പ്രഥമ 'അൽ വസൽ സീസൺ' വിജയകരമായ സമാപനത്തിലേയ്ക്ക്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച സീസണിൽ ഇതുവരെ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന കലാ-സാംസ്കാരിക വിനോദ പരിപാടികളാൽ സമ്പന്നമായ സീസണിന്റെ ഔദ്യോഗിക സമാപനം വരും ശനിയാഴ്ച നടക്കും.സമാപനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇമ്മേഴ്‌സീവ് പ്രൊജക്ഷൻ ഡോമായ അൽ വാസൽ പ്ലാസ വിസ്മയകരമായ ഒരു 'വാട്ടർ പ്ലേ ഗ്രൗണ്ട്' ആയി മാറും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയുള്ള വിപുലമായ ആഘോഷങ്ങളാണ് ശനിയാഴ്ച ഒരുക്കിയിരിക്കുന്നത്.
ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സീസൺ കടന്നുപോയതെന്ന് എക്സ്പോ സിറ്റി ദുബായ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ ആമ്‌ന അബുൽഹൂൽ പറഞ്ഞു. സന്ദർശകരുടെയും പങ്കാളികളുടെയും സഹകരണം ഈ യാത്രയെ അവിസ്മരണീയമാക്കി.