യുഎഇയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ

 

 

നെഞ്ചിലെയും വയറിലെയും കടുത്ത അസുഖങ്ങൾ മൂലം വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്ന അറുപതുകാരനായ രോഗിക്ക് സങ്കീർണമായ വിവിധ ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകി. അൽ ഐനിലെ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് മെഡിക്കൽ സിറ്റിയിലെ വിദഗ്ധ ശസ്ത്രക്രിയാ സംഘമാണ് അത്യാധുനിക ലാപ്രോസ്കോപ്പിക്, തൊറാസിക് (നെഞ്ച് സംബന്ധമായ) രീതികൾ സമന്വയിപ്പിച്ചു കൊണ്ട് ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.വർഷങ്ങളായി ശ്വസനതടസ്സവും ചലനവൈകല്യവും നേരിട്ടിരുന്ന രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചതായി യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ ശൃംഖലയായ പ്യുവർ ഹെൽത്തിന്റെ കീഴിലുള്ള ‘സെഹ’ അറിയിച്ചു. ഗ്യാസ്ട്രോ എന്ററോളജിസ്റ്റുകൾ, തൊറാസിക് സർജന്മാർ, തീവ്രപരിചരണ വിഭാഗം ജീവനക്കാർ, ഇന്റർവെൻഷനൽ റേഡിയോളജി ടീം എന്നിവർ സംയുക്തമായാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.