യുഎഇയിലെ ഏഴ് എമിറേറ്റുകളും ചുറ്റിക്കാണാൻ 11 ദിവസത്തെ പ്രത്യേക ടൂറിസം പാക്കേജ്
യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി 11 ദിവസം നീളുന്ന സംയോജിത യാത്ര പ്ലാൻ ചെയ്യാൻ സഹായിക്കുന്ന 'യുഎഇ ഗ്രാൻഡ് ടൂർ' എന്ന ദേശീയ ടൂറിസം പ്ലാറ്റ്ഫോമിന് തുടക്കമായി. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.സന്ദർശകർക്ക് രാജ്യം മുഴുവൻ ചുറ്റിക്കാണാനും യുഎഇയിലെ തമസ്സം കൂടുതൽ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോട്ടൽ താമസം, ഗതാഗതം, കാഴ്ചകൾ കാണൽ, ഭക്ഷണം എന്നിവയെല്ലാം ഒറ്റ ബുക്കിങ്ങിൽ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. ഗ്രാൻഡ് ക്ലാസിക്, ഗ്രാൻഡ് അഡ്വഞ്ചർ, ഗ്രാൻഡ് ബീച്ചസ്, ഗ്രാൻഡ് ഇക്കോ ഫ്രണ്ട്‌ലി, ഗ്രാൻഡ് ഫാമിലി എന്നിങ്ങനെ വൈവിധ്യമാർന്ന പാക്കേജുകൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.11 ദിവസവും 10 രാത്രിയും നീളുന്ന 'ഗ്രാൻഡ് ക്ലാസിക്' പാക്കേജിന് ഒരാൾക്ക് 10,446 ദിർഹം (രണ്ടുപേർക്ക് 20,891 ദിർഹം) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഫോർ/ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസം, പ്രതിദിന പ്രഭാതഭക്ഷണം, എയർകണ്ടീഷൻ ചെയ്ത സ്വകാര്യ വാഹനം, ഗൈഡിന്റെ സേവനം, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.