നഗരത്തിന് പെരുന്നാൾ അഴകേകാൻ ദീപപ്രഭയൊരുക്കി അബുദാബി

 

നഗരത്തിന് പെരുന്നാൾ അഴകേകാൻ ദീപപ്രഭയൊരുക്കി അബുദാബി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 3,800 ദീപാലങ്കാരങ്ങൾ സ്ഥാപിച്ചാണ് പെരുന്നാളിനെ വരവേൽക്കുന്നത്. സംസ്‌കാര-ടൂറിസം വകുപ്പുമായി സഹകരിച്ചു സിറ്റി മുൻസിപ്പാലിറ്റിയാണ് ഈ പ്രകാശവിന്യാസം ഒരുക്കിയത്. അബുദാബി കോർണിഷ്, കിങ് അബ്ദുല്ല സ്ട്രീറ്റ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, അൽ മഖ്ത പാലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആകർഷകമായ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇസ്‌ലാമിക കലിഗ്രഫി ഡിസൈനുകൾ, പൂക്കൾ, നക്ഷത്രങ്ങൾ എന്നിവയുടെ ജ്യാമിതീയ രൂപങ്ങളിലാണു ലൈറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇവയ്ക്കു പുറമേ തൂണുകൾക്കിടയിൽ തിളങ്ങുന്ന ഗോളാകൃതിയിലുള്ള 1,200 പ്രത്യേക വിളക്കുകളും നിരത്തുകളെ മനോഹരമാക്കുന്നു.

ഈദ് മുബാറക് ആശംസകൾ വിവിധ വർണങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ തെളിയുന്നുണ്ട്. ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കി, കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചാണ് ഇവ തയാറാക്കിയതെന്നു മുനിസിപ്പാലിറ്റി വ്യക്തമാക്കി.