ട്രാഫിക് പിഴകളിൽ വൻ ഇളവുകളുമായി അബുദാബി പൊലീസ്
റോഡിലെ നിയമലംഘനങ്ങൾക്ക് വൻ പിഴയടച്ച് കൈപൊള്ളുന്നവർക്ക് ആശ്വാസവാർത്തയുമായി അബുദാബി പൊലീസ്. ‘നേരത്തെ അടയ്ക്കൂ, തീർച്ചയായും നേടാം’ എന്ന പുതിയ ക്യാംപെയ്നിലൂടെ ട്രാഫിക് പിഴകളിൽ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഴകൾ കുടിശ്ശികയാക്കാതെ കൃത്യസമയത്ത് അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്താനുമാണ് ഈ നീക്കം.∙35% വരെ ഇളവ് ലഭിക്കാം, അതീവ ഗുരുതര നിയമലംഘനങ്ങൾക്ക് ബാധകമാകില്ല
പുതിയ നിയമപ്രകാരം, ട്രാഫിക് നിയമലംഘനം നടന്ന് ആദ്യ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് ആകെ തുകയുടെ 35 ശതമാനം വരെ ഇളവ് ലഭിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലുടൻ പിഴയൊടുക്കുന്നവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണിത്. എന്നാൽ അതീവ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ബാധകമാകില്ലെന്ന് പൊലീസ് പ്രത്യേകം ഓർമിപ്പിക്കുന്നു.
∙അറുപത് ദിവസം കഴിഞ്ഞാലും ആശ്വാസം
ആദ്യത്തെ 60 ദിവസത്തിനുള്ളിൽ പണമടയ്ക്കാൻ സാധിക്കാത്തവർക്കും നിരാശപ്പെടേണ്ടതില്ല. പിഴ ലഭിച്ച് 60 ദിവസത്തിന് ശേഷമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ തുക ഒടുക്കുകയാണെങ്കിൽ 25 ശതമാനം ഇളവ് പ്രയോജനപ്പെടുത്താം. ഒരു വർഷത്തെ പരിധി കഴിഞ്ഞാൽ ഈ ആനുകൂല്യം നഷ്ടമാകും.
∙ഗഡുക്കളായി അടയ്ക്കാം, പലിശയില്ലാതെ
സാമ്പത്തിക ബാധ്യതയുള്ളവർക്ക് പിഴത്തുക ഭാരമാകാതിരിക്കാൻ പ്രമുഖ ബാങ്കുകളുമായി ചേർന്ന് പലിശരഹിത തവണ വ്യവസ്ഥയും (ഇൻസ്റ്റാൾമെന്റ്) അബുദാബി പൊലീസ് ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), അബുദാബി കൊമേർഷ്യൽ ബാങ്ക് (എഡിസിബി), അബുദാബി ഇസ്‍ലാമിക് ബാങ്ക് (എഡിഎബി), മഷ്‌റെഖ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ വഴി ലളിതമായ തവണകളായി പിഴയടയ്ക്കാൻ സാധിക്കും.
താമസക്കാർക്ക് തങ്ങളുടെ ബാധ്യതകൾ തീർക്കാനുള്ള മികച്ച അവസരമാണിതെന്ന് അധികൃതർ പറഞ്ഞു. അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘തമ്മ്’ (TAMM) സ്മർട് സർവീസ് പ്ലാറ്റ്ഫോം വഴിയോ വളരെ എളുപ്പത്തിൽ പിഴകൾ പരിശോധിക്കാനും തുക അടയ്ക്കാനും സൗകര്യമുണ്ട്.