സമൂഹമാധ്യമങ്ങളിൽ തെറ്റായ റിവ്യൂ നൽകിയാൽ തടവും പിഴയും ലഭിക്കും; യുഎഇയുടെ മുന്നറിയിപ്പ്

 

സമൂഹമാധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. അഭ്യൂഹം പരത്തുന്നവർക്കും അടിസ്ഥാന രഹിത വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും സൈബർ ‍നിയമം അനുസരിച്ച് കടുത്ത ശിക്ഷയുണ്ടാകും. സ്ഥാപനങ്ങളെയും സേവനങ്ങളെയും വ്യക്തികളെയും ഉൽപന്നങ്ങളെയും സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ  ചിലരുടെ ബിസിനസിനെ ബാധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ എന്ന പേരിൽ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനത്തിനും വ്യക്തികൾക്കും എതിരെ സമൂഹമാധ്യമങ്ങളിൽ മോശം റിവ്യൂ നൽകുകയും ചെയ്തയാൾക്ക് ഈയിടെ പിഴ ചുമത്തുകയും ചെയ്തിരുന്നു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് പിഴ നിശ്ചയിക്കുക. സർക്കാർ സ്ഥാപനങ്ങളെയോ നിയമങ്ങളെയോ സേവനങ്ങളെയോ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയാൽ കുറഞ്ഞത് 2 വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.