അബുദാബിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നേട്ടം കൊയ്ത് വിദേശ നിക്ഷേപകർ

 

അബുദാബിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നതായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ൽ അബുദാബിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 142 ബില്യൻ ദിർഹമായി ഉയർന്നു, ഇത് മുൻവർഷത്തേക്കാൾ 44 ശതമാനം വർധനവാണ്. ഇതിൽ റിയൽ എസ്റ്റേറ്റ് വിൽപന വഴി മാത്രം 93 ബില്യൻ ദിർഹമിന്റെ റെക്കോർഡ് വരുമാനമാണ് ഉണ്ടായത്, ഇത് മൊത്തം ഇടപാടുകളുടെ 66 ശതമാനത്തോളം വരും. ഈ വിപണി കുതിപ്പിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് വിദേശ നിക്ഷേപകരാണ്.താമസക്കാരായ വിദേശികളും അല്ലാത്തവരുമായ നിക്ഷേപകർ ചേർന്ന് 2025-ലെ താമസസ്ഥല വിൽപ്പനയുടെ 62 ശതമാനം വിഹിതവും കൈകാര്യം ചെയ്തു. അബുദാബിയിലെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയും മികച്ച ഭരണനിർവ്വഹണവും നിക്ഷേപകരിൽ, പ്രത്യേകിച്ച് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. താമസസ്ഥലങ്ങളുടെ വിൽപന 2022ൽ ഏകദേശം 19 ബില്യൻ ദിർഹമായിരുന്ന സ്ഥാനത്ത് 2025-ൽ 76 ബില്യൻ ദിർഹമായി വർധിച്ചു. വിലയിലും വാടകയിലും ഉണ്ടായ വർധനവ് നിക്ഷേപകർക്ക് മികച്ച ആദായം ഉറപ്പാക്കുന്നു. അപ്പാർട്ട്‌മെന്റുകളുടെ വിലയിൽ 19 ശതമാനവും വാടകയിൽ 16 ശതമാനവും വർധനവുണ്ടായി. വില്ലകളുടെ വിലയും വാടകയും യഥാക്രമം 13 ശതമാനവും 14 ശതമാനവും വർധിച്ചു.

ഏറ്റവും മികച്ച 10 ഡെവലപ്പർമാർ 50 ബില്യൻ ദിർഹം മൂല്യമുള്ള വിൽപന നടത്തി വിപണിയുടെ 91 ശതമാനം വിഹിതം പിടിച്ചടക്കിയപ്പോൾ, ഏറ്റവും മികച്ച 10 പദ്ധതികൾ ചേർന്ന് 24 ബില്യൻ ദിർഹം മൂല്യമുള്ള വിൽപന നടത്തി മൊത്തം വിൽപനയുടെ 32 ശതമാനം സംഭാവന ചെയ്തു. 2030-നകം വിപണിയിൽ 43,000 പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ കൂടി എത്തുന്നതോടെ നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.