നിയമലംഘനം നടപടി കടുപ്പിച്ച് അഡെക്: സ്കൂളുകൾക്ക് പിടിവീഴും; ഒന്നര ലക്ഷം ദിർഹം വരെ പിഴ
വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചു സ്കൂളുകൾക്ക് 5,000 മുതൽ 1.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, അധ്യാപകരുടെയോ ജീവനക്കാരുടെയോ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കുക തുടങ്ങി സ്കൂൾ മാനേജ്‌മെന്റിന്റെ 42 വീഴ്ചകൾക്കു കനത്ത പിഴ ചുമത്തും.
മുന്നറിയിപ്പു നൽകിയിട്ടും നിയമലംഘനം ആവർത്തിക്കുന്ന സ്കൂളുകൾ ഇരട്ടി പിഴ അടയ്ക്കേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി കർശനമാക്കിയത്. എല്ലാ സ്വകാര്യ സ്കൂളുകളും അഡെക് നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹമായിരിക്കും കുറഞ്ഞ പിഴ. ആവർത്തിച്ചാൽ 10,000 ദിർഹമായി വർധിക്കും. മൂന്നാമതും നിയമം ലംഘിച്ചാൽ 15,000 ദിർഹം പിഴ ചുമത്തും. മുന്നറിയിപ്പ് അവഗണിച്ചും നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾക്കു പരമാവധി ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്തും.