എയർ അറേബ്യ ഇനി സൗദിയിൽ നിന്ന് നേരിട്ട് പറക്കും; 2,400 തൊഴിലവസരങ്ങൾ ഒരുങ്ങുന്നു
സൗദി അറേബ്യയിൽ നിന്നും നേരിട്ട് പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി എയർ അറേബ്യ. ദമാം കേന്ദ്രമാക്കി രൂപീകരിച്ച എയർ അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) അനുവദിച്ചു.ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം പ്രധാന കേന്ദ്രമായി തുടങ്ങുന്ന എയർ അറേബ്യ എത്തുന്നതോടെ പുതിയൊരു ദേശീയ ബജറ്റ് എയർലൈൻ കൂടി സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
യുഎഇ- ഷാർജ ആസ്ഥാനമായുള്ള ലോ കോസ്റ്റ് എയർലൈൻ കമ്പനിയായ എയർ അറേബ്യ ഗ്രൂപ്പിനൊപ്പം നെസ്മ ഗ്രൂപ്പ് (സൗദി ഇൻവെസ്റ്റ്‌മെന്റ് കമ്പനി), കെയുഎൻ (KUN) ഹോൾഡിങ് കമ്പനി എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയുടെ (Consortium) കീഴിലാണ് എയർലൈൻ പ്രവർത്തിക്കുന്നത്. സൗദിയിലെ വ്യോമയാന നിയമങ്ങൾക്ക് വിധേയമായി, ദമാം കേന്ദ്രമായി രൂപീകരിച്ച പുതിയ കമ്പനിയുടെ ഭൂരിഭാഗം ഓഹരി പങ്കാളിത്തവും സൗദി ഉടമസ്ഥതയിലാണ്.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി പ്രവർത്തനമാരംഭിക്കുന്ന കമ്പനി 2030 ഓടെ ക്രമാനുഗതമായി 24 ആഭ്യന്തര റൂട്ടുകളും 57 രാജ്യാന്തര റൂട്ടുകളും ഉൾപ്പെടെ ആകെ 81 ലക്ഷ്യസ്ഥാനങ്ങളിലേക്കു സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
പ്രതിവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഒപ്പം യാത്രാ വിമാനങ്ങളുടെ എണ്ണം 45 ആയി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.കിഴക്കൻ പ്രവിശ്യയിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നതിനൊപ്പം 2,400-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.