ഗൾഫ് മേഖലയിലെ സംഘർഷം: കേരളത്തിലേക്കുള്ള ബഹ്‌റൈൻ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

 

ഗൾഫ് മേഖലയിൽ ഉടലെടുത്ത അടിയന്തര സൈനിക സാഹചര്യങ്ങളെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരളത്തിനും ബഹ്‌റൈനുമിടയിലുള്ള സർവീസുകൾ താത്കാലികമായി റദ്ദാക്കി. ജൂലൈ 21 മുതൽ 23 വരെയുള്ള തീയതികളിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

വേനലവധിക്കാലമായതിനാൽ നിരവധിയാളുകളാണ് ഇക്കാലയളവിൽ നാട്ടിലേക്ക് പോകുന്നതിനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകാനിരുന്ന പ്രവാസികളടക്കം ഇതോടെ മറ്റ് വിമാന സർവീസുകളെ ആശ്രയിക്കേണ്ട പ്രതിസന്ധിയിലാണ്. അതേസമയം, റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യഥാർത്ഥ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഏഴ് ദിവസത്തിനകമോ ഉള്ള സൗജന്യ തീയതി മാറ്റത്തിനോ (Reschedule) ഉള്ള സൗകര്യം ട്രാവൽ ഏജന്റുമാർ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ബഹ്റൈന്റെ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ തിങ്കളാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് ബഹ്റൈൻ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റിയാദിലിറക്കിയ ശേഷം തിരികെ കോഴിക്കോട്ടേക്ക് തന്നെ മടങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സർവീസും തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും പിന്നീട് ചില എയർലൈനുകൾ സർവീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.

അതേസമയം, പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഖത്തർ എയർവേയ്‌സും ബഹ്‌റൈനിലേക്കുള്ള സർവീസുകൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ജൂലൈ 31 വരെ എമിറേറ്റ്‌സും ജൂലൈ 24 വരെ ഖത്തർ എയർവേയ്‌സും ബഹ്‌റൈൻ സെക്ടറിൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രസ്തുത എയർലൈനുകളിൽ ടിക്കറ്റെടുത്ത് അവധി കഴിഞ്ഞ് മടങ്ങാനിരുന്ന നിരവധി മലയാളി യാത്രക്കാരെ ഇത് വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്. നിലവിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന ഭീമമായ യാത്രാനിരക്കിൽ മറ്റ് ടിക്കറ്റുകൾ എടുക്കേണ്ട കടുത്ത സാമ്പത്തിക ബാധ്യതയിലാണ് പ്രവാസികൾ.