എയര്‍ ഇന്ത്യ എക്സ്പ്രസിന് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് എയര്‍ലൈന്‍ റേറ്റിങ്

 

സ്‌കൈട്രാക്സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് എയര്‍ലൈന്‍ റേറ്റിങ് കരസ്ഥമാക്കി. വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തല്‍ സംവിധാനമാണ് സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ സ്റ്റാര്‍ റേറ്റിങ്. വിമാനയാത്രക്കാരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങള്‍ക്കുള്ള അംഗീകാരമാണിത്.വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും സേവനവും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റേറ്റിങ് നല്‍കിയത്. വിമാന കമ്പനികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്. ഇതോടെ ആഗോളതലത്തില്‍ സ്‌കൈട്രാക്സിന്റെ മികച്ച റേറ്റിങ് കരസ്ഥമാക്കിയ വിമാന കമ്പനികളുടെ നിരയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും എത്തി.

ആധുനികവും ഇന്ധനക്ഷമവുമായ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അതിവേഗ നവീകരണം നടപ്പാക്കിയത്. നിലവില്‍ 100ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും പുതിയ വിമാനങ്ങളാണ്. 42 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ 17 രാജ്യാന്തര ഇടങ്ങളിലേക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന് പ്രതിദിനം 500ലധികം വിമാന സര്‍വീസുകളാണുള്ളത്.

കൂടാതെ, ഉപഭോക്തൃ വിശ്വാസ്യത അളക്കുന്ന നെറ്റ് പ്രമോട്ടര്‍ സ്‌കോറും ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനായിട്ടുണ്ട്.