പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ-കോഴിക്കോട് സർവീസുകൾ പുനരാരംഭിച്ചു
നീണ്ട നാളത്തെ കാത്തിരിപ്പിനും യാത്രാദുരിതത്തിനും വിരാമമിട്ട് ബഹ്‌റൈൻ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചു. ഇന്നലെ മുതൽ ഔദ്യോഗികമായി ആരംഭിച്ച സർവീസുകൾ വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
പുനരാരംഭിച്ച വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 21 മുതലുള്ള സർവീസുകളുടെ സമയത്തിലും ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതിനാൽ, യാത്രക്കാർ ടിക്കറ്റ് ബുക്കിങ് ഏജൻസികളുമായോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പുതിയ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 22 മുതലാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. അവധിക്കാലത്ത് യാത്ര തിരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മാത്രം സർവീസുകൾ റദ്ദാക്കിയത് നിരവധി പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കിയത്. മറ്റ് വിമാനക്കമ്പനികളിലെ ഉയർന്ന ടിക്കറ്റ് നിരക്കും സർവീസുകളുടെ ലഭ്യതക്കുറവും വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.